‘എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തം?’; ആർ എസ്എസ് കൂടിക്കാഴ്ചയിൽ എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നാൽ സിപിഎമ്മിന് എന്ത് ഉത്തരവാദിത്തമെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ ചോദ്യം. ‘‘എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ ഇപ്പോൾ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാൽ നമുക്ക് എന്ത് ഉത്തരവാദിത്തം,’’ എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം, കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ പ്രതികരിച്ചു. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥികൂടിയായിരുന്നു വി.എസ്. സുനിൽ കുമാർ. “എഡിജിപി-ആർഎസ്എസ് നേതാവിനെ കണ്ടെന്നത് നിലവിൽ വാർത്തയാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശൂർ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ തൃശൂർ പൂരം കലക്കിയ ഒരു കക്ഷി ആർഎസ്എസാണ് എന്ന് ഉറപ്പിക്കാം. വാർത്തയുടെ പശ്ചാത്തലത്തിൽ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതൽ അറിഞ്ഞതിനു ശേഷമേ മറുപടി പറയാൻ സാധിക്കൂ,” സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.

ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ‘‘എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥാനും അങ്ങനെ ചർച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണോ എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. ആർഎസ്എസിനും എൽഡിഎഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആ‍എസ്എസ് നേതാവും ഇടതു ചെലവിൽ ചർച്ച നടത്തേണ്ട. ഇക്കാര്യത്തിൽ അന്വേഷണം വേണം,’’ ബിനോയ് വിശ്വം പറഞ്ഞു.

More Stories from this section

family-dental
witywide