
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണക്കാട് തങ്ങൾ വിമർശനത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോയെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിലർ ഇത് മതത്തില്‍ കൂട്ടിക്കെട്ടാനാണ് ശ്രമിക്കുന്നത്. തങ്ങള്‍ക്കെതിരെ പിണറായി പറഞ്ഞത് പാര്‍ട്ടി നിലപാടാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ മതപരമായാണ് ലീഗ് നേതൃത്വം കൈകാര്യം ചെയ്യുന്നത്. സാദിഖലിയെപ്പറ്റി പറഞ്ഞാല്‍ വിവരം അറിയുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്തും പറയാന്‍ ഉളുപ്പില്ലാത്ത രാഷ്ട്രീയ കോലാഹലമാണ് വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാനായി ചിലര്‍ നടത്തുന്നതെന്നും സാദിഖലി തങ്ങള്‍ക്കെതിരെ സിപിഎം രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാ അത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും തടങ്കല്‍ പാളയത്തിലാണ് മുസ്ലിം ലീഗ് ഉള്ളത്. വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ടാണ് ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
സിപിഎം ശരിയായ രീതിയിലുള്ള വിമര്‍ശനമാണ് നടത്തിയത്. അത് കേരളത്തിലെ ജനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മതവികാരം ആളിക്കത്തിക്കാന്‍ നടത്തുന്ന ലീഗിന്റെ പ്രവര്‍ത്തനം മതനിരപേക്ഷ മനസ്സുള്ള ജനങ്ങളും വോട്ടര്‍മാരും മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യര്‍ ബിജെപി ബന്ധം ഉപേക്ഷിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ, ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചെന്ന് പറഞ്ഞിട്ടില്ല.
ഗാന്ധിജി വധം, ജമ്മു കശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ സന്ദീപ് വാര്യര്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും അത്തരമൊരാളുമായാണ് യുഡിഎഫ് കൂട്ടുകൂടിയിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
MV Govindan clarify Pinarayi Vijayan’s Shihab thangal criticism