തിരുവനന്തപുരം: ഇടുക്കിയിലെ സി പി എം നേതാവും ദേവികുളം മുന്‍ എം എല്‍ എയുമായ എസ് രാജേന്ദ്രൻ ബി ജെ പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. എസ് രാജേന്ദ്രൻ എ കെ ജി സെന്‍ററിലെത്തി സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ എം വി ഗോവിന്ദൻ, എസ് രാജേന്ദ്രൻ എവിടെക്കും പോകില്ലെന്നും വിവരിച്ചു. എസ് രാജേന്ദ്രന് എതിരെ പാർട്ടി നേരത്തെ നടപടി സ്വീകരിച്ചിട്ടുണ്ട്. അച്ചടക്കനടപടി കഴിയുന്നതോടെ രാജേന്ദ്രനെ ചേർത്ത് നിർത്തിക്കൊണ്ട് പാർട്ടി മുന്നോട്ട് പോകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അതേസമയം താന്‍ ഇപ്പോൾ എന്തായാലും ബി ജെ പിയിലേക്ക് ഇല്ലെന്ന് തുറന്നുപറഞ്ഞ് നേരത്തെ എസ് രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. തനിക്കെതിരായ പാർട്ടി നടപടിയിലെ അസ്വാരസ്യവും അദ്ദേഹം തുറന്നുപറഞ്ഞു. സി പി എം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അത് പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.
പി കെ കൃഷ്ണദാസ് അടക്കമുള്ള ബി ജെ പി നേതാക്കൾ സംസാരിച്ചെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള ബി ജെ പി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നുവെന്നും എസ് രാജേന്ദ്രന്‍ വെളിപ്പെടുത്തി. സി പി എം സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇതുവരെ തീരുമായിട്ടില്ലെന്നും അതില്‍ പ്രതിഷേധമുണ്ടെന്നും പറഞ്ഞ രാജേന്ദ്രന്‍, ബി ജെ പിയിലേക്ക് നീങ്ങാനുള്ള സാധ്യത പൂർണമായും തള്ളിയിട്ടില്ല. ബി ജെ പി നേതാക്കള്‍ ചര്‍ച്ചനടത്തിയ വിവരം സി പി എം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നുവെന്നും രാജേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
mv govindan comments on s rajendran bjp rumours