ദിവ്യയെ തരംതാഴ്ത്തിയ നടപടി : വിശദീകരണവുമായി എം.വി ഗോവിന്ദന്‍,”കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി”

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹ്യയെതുടര്‍ന്ന് പി.പി ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയ നടപടിയില്‍ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേഡറെ കൊല്ലാന്‍ അല്ല തിരുത്താനാണ് നടപടി സ്വീകരിച്ചതെന്നാണ് വിശദീകരണം.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
” ദിവ്യ സി പി എം കേഡറാണ്.ദിവ്യക്ക് ഒരു തെറ്റുപറ്റി.ആ തെറ്റ് തിരുത്തി മുന്നോട്ടു പോകും. ദിവ്യക്കെതിരായ നടപടികള്‍ ജില്ലാ കമ്മിറ്റിയെടുക്കും. അതിനെക്കുറിച്ച് ജില്ലാ കമ്മിറ്റി തന്നെ വിശദീകരിക്കും. തുടക്കം തൊട്ടേ എ ഡി എമ്മിന്റെ കുടുംബത്തിനൊപ്പം ആണെന്ന നിലപാട് സി പി എം സ്വീകരിച്ചിരുന്നു. കോടതിയില്‍ എ ഡി എമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാര്‍ട്ടി നിലപാടല്ല. ദിവ്യയുടെ അടുത്ത് ഇനിയും പാര്‍ട്ടി നേതാക്കള്‍ പോകും. അവര്‍ ഇപ്പോഴും പാര്‍ട്ടി കേഡര്‍ തന്നെയാണ്”.

ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്താന്‍ തീരുമാനിച്ചത്. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്ന വിധത്തില്‍ പെരുമാറിയതിന് സി പി ഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ പാര്‍ട്ടിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചതായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, എഡിഎം ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്.

More Stories from this section

family-dental
witywide