സി.പി.എമ്മിനെയും മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടിലാക്കി ഭരണപക്ഷ എം.എല്‍.എ പി.വി അന്‍വര്‍ നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നു. പാര്‍ട്ടിയേയും, സര്‍ക്കാരിനെയും തകര്‍ക്കാന്‍ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്നും അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ അന്‍വറിന്റേത് പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബമാണെന്നും സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ടല്ല അന്‍വര്‍ പ്രവര്‍ത്തിച്ചതെന്നും വിമര്‍ശിച്ചു. മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ ഇതുവരെ അന്‍വറിന് കഴിഞ്ഞില്ലെന്നും വര്‍ഗ ബഹുജന സംഘടനകളിലൊന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ പാര്‍ട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. തുടര്‍ച്ചയായുള്ള അന്‍വറിന്റെ ആരോപണങ്ങളാണ് എം വി ഗോവിന്ദനെ ചൊടിപ്പിച്ചത്.