കോഴിക്കോട്: ഇടത് മുന്നണിയിൽ ‘മന്ത്രി’ ആവശ്യം ശക്തമാക്കി ആര്‍ജെഡി രംഗത്ത്. തങ്ങൾ എൽ ഡി എഫിലേക്ക് വലിഞ്ഞു കയറിവന്നവരല്ലെന്നും ഇടതു മുന്നണിയില്‍ അര്‍ഹിച്ച പരിഗണന കിട്ടുന്നില്ലെന്നും ആര്‍ജെഡി നേതാവ് എം പി ശ്രേയാംസ് കുമാര്‍ പറഞ്ഞു. മുന്നണിയിലെ നാലാമത്തെ കക്ഷിയാണ് ആര്‍ജെഡി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സിപിഐഎം മാന്യത കാട്ടണമായിരുന്നു. രാജ്യസഭാ സീറ്റ് കാര്യത്തില്‍ ചര്‍ച്ച പോലും ഉണ്ടായില്ല. 2018 ല്‍ രാജ്യസഭാ അംഗത്വവുമായാണ് ഞങ്ങള്‍ മുന്നണിയില്‍ എത്തിയത്. 2019 ല്‍ ഞങ്ങളുടെ സീറ്റ് സിപിഐക്ക് നല്‍കി വിട്ടുവീഴ്ച ചെയ്തു, എന്നാല്‍ പിന്നീട് യാതൊരു പരിഗണനയും കിട്ടിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തവണയും രാജ്യസഭ സീറ്റ് നിഷേധിച്ചു. അതുകൊണ്ടുതന്നെ ആര്‍ജെഡിക്ക് മന്ത്രിപദവി വേണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യം ന്യായമാണെന്നും അത് എത്രയും വേഗം പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതല്ലെന്നും മറ്റ് പരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുകൊണ്ട് പോകാന്‍ കഴിയാതിരുന്നതാണെന്നും അദ്ദേഹം വിവരിച്ചു.