എന്റെ മക്കള്‍ രാഷ്ട്രീയത്തിലേക്കില്ല : ഉറപ്പിച്ച് ബരാക് ഒബാമ

ലോസ് ഏഞ്ചല്‍സ്: തന്റെ പെണ്‍മക്കളായ സാഷയും മാലിയയും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഈ തീരുമാനം അവരുടെ അമ്മ മിഷേല്‍ ഒബാമയുടെ സ്വാധീനത്താലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ശനിയാഴ്ച ലോസ് ഏഞ്ചല്‍സില്‍ പ്രസിഡന്റ് ജോ ബൈഡനുവേണ്ടിയുള്ള ധനസമാഹരണത്തില്‍ ബരാക് ഒബാമ പങ്കെടുത്തിരുന്നു. അപ്പോഴാണ് മക്കളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നത്.

ഒബാമയുടെ പാത പിന്തുടര്‍ന്ന് പെണ്‍മക്കള്‍ രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് മക്കള്‍ ആ കരിയറില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി.

ഒബാമയുടെ രണ്ട് മക്കളില്‍ മൂത്തവളായ 25 കാരി മലിയ ഒബാമ ഇപ്പോള്‍ തിരക്കഥാകൃത്തും സംവിധാനവും കരിയറാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ യൂട്ടായില്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ‘ദി ഹാര്‍ട്ട്’ എന്ന പേരില്‍ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം മലിയ സംവിധാനം ചെയ്തിരുന്നു. രണ്ടാമത്തെ മകള്‍ സാഷ ഒബാമ കഴിഞ്ഞ വര്‍ഷം മെയ്യിലാണ് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദം നേടിയത്.

അതേസമയം, ഒബാമയുടെ ഭാര്യ മിഷേലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ല്‍ ഭര്‍ത്താവ് വൈറ്റ് ഹൗസ് വിട്ടത് മുതല്‍ മിഷേല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും മിഷേല്‍ ഒബാമ പല അവസരങ്ങളിലും അത് ശക്തമായി നിഷേധിച്ചിരുന്നു. 2023 ല്‍ ഓപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് മിഷേല്‍ വ്യക്തമാക്കിയിരുന്നു.