‘കമല, നിന്നെയോർത്ത് അഭിമാനിക്കുന്നു’; കമല ഹാരിസിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച് ഒബാമയും മിഷേലും; വൈകാരിക നിമിഷങ്ങൾ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കാൻ കമലാ ഹാരിസിന് മുൻ പ്രസിഡന്റ് ബരാക് ഒബാമയും അദ്ദേഹത്തിന്റെ ഭാര്യ മിഷേൽ ഒബാമയും പിന്തുണ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഒബാമക്കൊപ്പം ഭാര്യ മിഷേൽ ഒബാമയും കമലക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒബാമയും മിഷേലും ഫോണിൽ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് വിഡിയോ കമലാ ഹാരിസ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. മനോഹരമായ സംഭാഷണമാണ് ഇവർക്കിടയിൽ നടന്നത്.

“എൻ്റെ കമല, ഞാൻ നിന്നെയോർത്ത് അഭിമാനിക്കുന്നു. ഇത് പറയാതെ എനിക്ക് നിന്നോടൊന്നും പറയാൻ സാധിക്കില്ല,” എന്നാണ് ആദ്യം തന്നെ മിഷേൽ കമലയോട് പറയുന്നത്. ഇത് ചരിത്രപരമായിരിക്കുമെന്നും 60കാരിയായ മിഷേൽ വീഡിയോയിൽ പറയുന്നു.

“കമലയെ പിന്തുണയ്ക്കുന്നതിൽ ഞാനും മിഷേലും ഏറെ അഭിമാനിക്കുന്നു. വിജയത്തിനായി ഞങ്ങളാൽ കഴിയുന്നതെന്ലാം ചെയ്യും.” ബരാക് ഒബാമ പറഞ്ഞു.

“ഓ എന്റെ ദൈവമേ. മിഷേൽ, ബരാക്ക്, ഇത് എനിക്ക് വളരെ വലുതാണ്, ”ഹാരിസ് പറഞ്ഞു.

“എന്നാൽ എല്ലാറ്റിനുമുപരിയായി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ വാക്കുകളും ഈ വർഷങ്ങളിലെല്ലാം നിങ്ങൾ നൽകിയ സൗഹൃദവും എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലാണ്,” കമല ഇരുവരോടും പറഞ്ഞു.

ഒബാമയുടെയും മിഷേൽ ഒബാമയുടെയും പിന്തുണ കൂടി ആയതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസ് തന്നെ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തെ പ്രസിഡന്റ് ജോ ബൈഡനും കമലക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മത്സര രംഗത്ത് നിന്നും പിന്മാറിയത്.