വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) തലവന്‍ എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രാപ്രദേശില്‍ വിജയവാഡയ്ക്ക് സമീപമൊരുക്കിയ വേദിയിലാണ് ചടങ്ങുകള്‍. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള ബിജെപിയുടെ ഉന്നത നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
പൊതുതിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെയാണ് ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു ഇന്ന് നാലാം തവണയും ആന്ധ്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ 24 അംഗങ്ങളും ഒപ്പം സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാത്രി സംസ്ഥാനത്തെത്തിയ ഷാ നായിഡുവിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ട് അഭിനന്ദിച്ചിരുന്നു.
അതേസമയം, ആന്ധ്രയ്‌ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിലും ഇന്ന് തന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. വൈകുന്നേരത്തോടെ ആദിവാസി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ട് പരിപാടികളിലും മോദിയുടെ സാന്നിധ്യം തന്നെയാണ് ശ്രദ്ധേയം. സത്യപ്രതിജ്ഞ ചെയ്ത ശേഷം ചന്ദ്രബാബു നായിഡുവിനെ ആലിംഗനത്തോടെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.
അതേസമയം, മോദിക്കും അമിത്ഷായ്ക്കും ഒപ്പം ബിജെപി അധ്യക്ഷനും ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ജന സേന നേതാവ് പവന്‍ കല്യാണും ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ജനസേന 21 സീറ്റുകള്‍ നേടിയിരുന്നു. ടിഡിപി നേതാവും നായിഡുവിന്റെ മകനുമായ നാരാ ലോകേഷും 22 പേര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
272 എന്ന ഭൂരിപക്ഷത്തിന് കുറവുണ്ടായിട്ടും ബിജെപിയെ ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ച പ്രധാന സഖ്യകക്ഷികളില്‍ നായിഡുവിന്റെ ടിഡിപിയും ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ, മോദി 3.0 മന്ത്രിസഭയില്‍ ടിഡിപിക്ക് കാബിനറ്റ് മന്ത്രിസ്ഥാനവും സഹമന്ത്രി സ്ഥാനവും ലഭിച്ചു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ ശക്തമായി പിന്തുണയ്ക്കുമെന്നാണ് നായിഡു പ്രതിജ്ഞയെടുത്തിരിക്കുന്നത്.