തിരിച്ചടിക്കുമെന്ന് ബൈഡന്റെ പ്രതിജ്ഞ: യുഎസ് സൈനികര്‍ക്കെതിരായ ഡ്രോണ്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍

വാഷിംഗ്ടണ്‍: മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയ ജോര്‍ദാനിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണച്ചുവെന്ന യുഎസിന്റെയും ബ്രിട്ടന്റെയും ആരോപണം തള്ളി ഇറാന്‍. ഇറാന്‍ വാര്‍ത്ത നിഷേധിച്ചതായി ടെഹ്റാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

മേഖലയുടെ യാഥാര്‍ത്ഥ്യങ്ങളെ മറിച്ചിടാനുള്ള പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഈ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്, വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കനാനിയെ ഉദ്ധരിച്ച് ഐആര്‍എന്‍എ പറഞ്ഞു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ജോര്‍ദാന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തി താവളത്തിലെ ആക്രമണത്തിന് പിന്നില്‍ എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച പറഞ്ഞിരുന്നു.

ആക്രമണത്തില്‍ 34 പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും അതില്‍ എട്ട് പേരുടെ നില ഗുരതരമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി ഗ്രൂപ്പിനെതിരായ ഒരു അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി ജോര്‍ദാന്റെ ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തിക്കടുത്തുള്ള താവളത്തില്‍ യുഎസ് സൈന്യം പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയില്‍ യുഎസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെ മുന്‍പും ആക്രണണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, ജീവഹാനി ഉണ്ടാകുന്നത് ആദ്യമാണ്.

അതേസമം, ഇസ്രായേലിന്റെ നിരന്തരമായ സൈനിക ആക്രമണത്തില്‍ ഗാസയില്‍ കുറഞ്ഞത് 26,422 പേര്‍ കൊല്ലപ്പെട്ടു, അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.