കൊല്ലം: സംസ്ഥാനത്ത് ഐ എ എസ് തലപ്പത്തെ പോര് കനക്കുന്നതിനിടെ എന്‍ പ്രശാന്തും മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മയും തമ്മിൽ വാക് പോര്. പ്രശാന്ത് ഐ എ എസ് വില്ലനെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കിലൂടെ ആദ്യം പറഞ്ഞത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്‍റെ റോളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് യു ഡി എഫിന് വേണ്ടി ഗൂഢാലോചന നടത്തിയെന്നും ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ അതിന്‍റെ ഭാഗമെന്നും മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ച മുൻമന്ത്രിയെ പരിഹസിച്ച് പ്രശാന്ത് രംഗത്തെത്തിയത്. മേഴ്സിക്കുട്ടിയമ്മ ആരാണെന്നാണ് പ്രശാന്തിന്റെ ചോദ്യം. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ മേഴ്സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്നൊരാൾ കമന്റിട്ടിരുന്നു. ഇതിനു മറുപടിയായായണ് ‘ഹൂ ഈസ് ദാറ്റ്’ എന്ന് പ്രശാന്ത് ചോദിച്ചത്.
അതിനിടെ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും ആരോപണവുമായി എൻ പ്രശാന്ത് ഇന്ന് രംഗത്തെത്തി. ജൂനിയർ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും ജയതിലക് നശിപ്പിച്ചെന്നാണ് ആരോപണം. വിസിൽ ബ്ലോവറുടെ ആനുകൂല്യം തനിക്കുണ്ട്. നിയമം പഠിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ തനിക്കറിയാമെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.