‘നാം യുഎസ്എ’ മദേഴ്‌സ് ഡേ വോളന്റിയറിങ് ഇവന്റ് സംഘടിപ്പിച്ചു

അറ്റ്ലാന്റ: യുഎസിലെ അറ്റ്ലാന്റ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ നാം യുഎസ്എ (NAAM USA) ഈ വർഷത്തെ മദേഴ്‌സ് ഡേ വോളൻ്റിയറിങ് പരിപാടി സംഘടിപ്പിച്ചു. ജോർജിയയിലെ കമ്മിങ്ങിലുള്ള ഫോർസിത്ത് കൗണ്ടി സീനിയർ സെന്ററിൽ വച്ചാമ് പരിപാടി നടന്നത്. ‘മുതിർന്നവരെ സേവിക്കുക’ എന്നതാണ് സംഘടനയുടെ പ്രധാന ദൗത്യം. കഴിഞ്ഞ 5 വർഷമായി, നാം യുഎസ്എ ടീം ജോർജിയയിലെ വിവിധ കൗണ്ടി സീനിയർ സെന്ററുകളുമായി ചേർന്ന് പ്രവർത്തിക്കുകയും റജിസ്റ്റർ ചെയ്ത ഹോംബൗണ്ട് സീനിയർമാർക്ക് ഭക്ഷണ ക്യാനുകളും പാക്കറ്റുകളും അടങ്ങിയ ഗിഫ്റ്റ് ബാഗുകൾ സംഭാവന നൽകുകയും ചെയ്തു പോരുന്നു.

കൗണ്ടി സീനിയർ സെന്ററുകളിലേക്ക് മാതൃദിനത്തിന്റെ തലേന്നും അവധിക്കാലത്തുമായി വർഷത്തിൽ രണ്ട് തവണ ഫുഡ് കിറ്റ് സംഭാവന ചെയ്യുന്നുണ്ട്. കൂടാതെ മീൽസ് ഓൺ വീൽസ് പ്രോഗ്രാമിന്റെ ഭാഗമായി വീട്ടിലേക്ക് പോകുന്ന മുതിർന്നവർക്ക് അത് വിതരണം ചെയ്യുന്നു. വിദ്യാർഥികളും പ്രഫഷണലുകളും ഉൾപ്പെടെ 50-ലധികം സന്നദ്ധപ്രവർത്തകർ ഈ വർഷത്തെ മാതൃദിന പരിപാടിയിൽ പങ്കെടുത്തു.

നാം യുഎസ്എയുടെ ഭാരവാഹികളായ സുരേഷ് കൊണ്ടൂർ, നവീൻ നായർ, ശിവകുമാർ, വിനോദ് നായർ, ജിൻസ് ജോർജ് എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് സജി പിള്ളയുടെ നേതൃത്വത്തിൽ ‘ഗ്രേറ്റർ അറ്റ്‌ലാന്റ മലയാളി അസോസിയേഷൻ (ഗാമ)’, ബിനോയ് തോമസിൻ്റെയും ജേക്കബ് തീമ്പലങ്ങാട്ടിൻ്റെയും നേതൃത്വത്തിലുള്ള ‘നോർത്ത് അറ്റ്‌ലാൻ്റ സ്‌പോർട്‌സ് & റിക്രിയേഷൻ ക്ലബ്’ തുടങ്ങിയ വിവിധ കമ്മ്യൂണിറ്റി സംഘടനകൾ പരിപാടിക്ക് മികച്ച പിന്തുണ നൽകി.