ദോഡ (ജമ്മു കശ്മീർ): ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തെയടക്കം വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നവർ അമേരിക്കയിൽ പോയി എന്താണ് ചെയ്തതതെന്ന് മോദി ചോദിച്ചു. രാജ്യത്തിനെതിരെ സംസാരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ചെയ്തനെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോൺഗ്രസിനെ നയിക്കുന്നത് രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ കുടുംബമാണ് അവരിൽ ജാഗ്രത പുലർത്തണമെന്നും മോദി ആവശ്യപ്പെട്ടു.
കുടുംബ രാഷ്ട്രീയം കാരണം യുവാക്കൾ കഷ്ടപ്പെടുകയാണ് നാഷണൽ കോൺഗ്രസും പിഡിപിയും കോൺഗ്രസും ജമ്മു കാശ്മീരിനെ ശ്രദ്ധിക്കുന്നില്ല, ഇവർ യുവാക്കളെ പരിഗണിച്ചിട്ടില്ല ജമ്മു കാശ്മീരിനെ ഈ മൂന്ന് കുടുംബങ്ങളും ചേർന്ന് തകർക്കുകയാണ്. ഇവിടം സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കൾ ഭയക്കുന്നുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ജമ്മു കശ്മീരിന്റെ വിധി നിർണയിക്കുന്നതാണെന്നും മോദി പറഞ്ഞു.
വിദേശശക്തികൾ ലക്ഷ്യമിടുന്ന ജമ്മു കാശ്മീരിൽ തീവ്രവാദം അന്ത്യശ്വാസം വലിക്കുകയാണ് പ്രതിപക്ഷം നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആലോചിക്കുന്നില്ല.ഒരു സ്കൂളോ കോളേജോ തുറക്കാൻ പോലും പ്രതിഷേധിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തികൊണ്ട് മോദി പറഞ്ഞു. ജമ്മുകശ്മീരിൽ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കാൻ താൻ ആഗ്രഹിക്കുകയാണ്. ജമ്മുവിലെ ടൂറിസം വികസനത്തിനായി ബിജെപി സർക്കാർ കണക്ടിവിറ്റി വർദ്ധിപ്പിച്ചു, ഇത്തവണത്തെ തെരഞ്ഞെടുപ്പ് 3 കുടുംബങ്ങളും ജമ്മു കാശ്മീരിലെ യുവാക്കളും തമ്മിലുള്ളതാണെന്നും മോദി കൂട്ടിച്ചേർത്തു.