നടന്‍ നാഗാര്‍ജുനയുടെ ഹൈദരാബാദിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു മാറ്റി. ഭൂമി കയ്യേറ്റം ആരോപിച്ചാണ് നടപടി. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള മദാപൂരിലെ എന്‍- കണ്‍വെന്‍ഷന്‍ സെന്ററാണ് ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്റ് അസറ്റ് മോണിറ്ററിംഗ് ആന്റ് പ്രൊട്ടക്ഷന്‍ (ഹൈഡ്ര) അധികൃതര്‍ പൊളിച്ച് മാറ്റിയത്. ബഫര്‍ സോണില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
10 ഏക്കർ സ്ഥലത്ത് നിർമിച്ച എൻ-കൺവെൻഷൻ സെൻ്റർ വർഷങ്ങളായി പരിശോധനയിലാണ്. നഗരത്തിലെ മദാപൂർ പ്രദേശത്തെ തമ്മിടികുണ്ട തടാകത്തിൻ്റെ ഫുൾ ടാങ്ക് ലെവൽ (എഫ്‌ടിഎൽ) ഏരിയയിലും ബഫർ സോണിലും അനധികൃത നിർമാണം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കെട്ടിടം പൊളിച്ച് മാറ്റിയത്.
നോർത്ത് ടാങ്ക് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയ ഔദ്യോഗിക രേഖകൾ പ്രകാരം തമ്മിടികുണ്ട തടാകത്തിൻ്റെ എഫ്ടിഎൽ വിസ്തീർണ്ണം ഏകദേശം 29.24 ഏക്കറാണ്. എഫ്ടിഎൽ ഏരിയയുടെ ഏകദേശം 1.12 ഏക്കറും ബഫറിനുള്ളിൽ 2 ഏക്കറും കൈയേറിയെന്നാണ് ആരോപണം.
ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ 4 വലിയ ബുള്‍ഡോസറുകളുമായി എത്തിയാണ് കെട്ടിടം പൊളിക്കുന്നത്. 10 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ വര്‍ഷങ്ങളായി നിരീക്ഷണത്തിലായിരുന്നു. പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.