ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർക്ക് മൂന്ന് വീതം വകുപ്പുകളാണ് നൽകിയിട്ടുള്ളത്. സുരേഷ് ഗോപിക്ക് സാംസ്കാരികം, ടൂറിസം, പെട്രോളിയം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പുകളുമാണു ലഭിച്ചത്. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 5 സഹമന്ത്രിമാരും, 36 സഹമന്ത്രിമാരുമാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യം, രാജ്നാഥ് സിങ് പ്രതിരോധം, നിതിൻ ഗഡ്കരി ഉപരിതല ഗതാഗതം, നിർമല സീതാരാമൻ ധനകാര്യം എന്നീ മന്ത്രാലയങ്ങളിൽ തുടരും. അശ്വിനി വൈഷ്‌ണവ് റെയിൽവേ മന്ത്രിയാകും. അദ്ദേഹത്തെ കൂടാതെ അജയ് തംതയും ഹർഷ് മൽഹോത്രയും റോഡ് ഗതാഗത മന്ത്രാലയത്തിലെ രണ്ട് സഹമന്ത്രിമാരായി ചുമതലയേറ്റു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കാണ് ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ളത്. ശിവരാജ് ചൗഹാന് കൃഷി വകുപ്പ്. മനോഹർ ലാൽ ഖട്ടർ നഗരാസൂത്രണവും ധർമേന്ദ്ര പ്രസാദ് വിദ്യഭ്യാസവും എൽജെപിയുടെ ചിരാഗ് പാസ്വാൻ കായികവും പിയൂഷ് ഗോയൽ വ്യവസായവും കൈകാര്യം ചെയ്യും. ജിതൻ റാം മാഞ്ചി എംഎസ്എംഇ വകുപ്പും രാം മോഹൻ നായ്ഡു വ്യോമയാനവും ഷിപ്പിങ് തുറമുഖ മന്ത്രിയായി സർബാനന്ദ സോനോവാളും അധികാരമേറ്റു. എച്ച് ഡി കുമാരസ്വാമി സ്റ്റീൽ വകുപ്പും ഹർദീപ് സിംഗ് പുരി പെട്രോളിയം വകുപ്പും കൈകാര്യം ചെയ്യും.