നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം 21 മുതല്‍ 23 വരെ; ക്വാഡ് ഉച്ചകോടിക്ക് തയ്യാറെടുത്ത് അമേരിക്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. പ്രധാനമന്ത്രി മോദിയുടെ യുഎസ് യാത്രയുടെ വിശദമായ യാത്രാവിവരം മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.

സെപ്തംബര്‍ 21 ശനിയാഴ്ച ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലാണ് കൂടിക്കാഴ്ച ഒരുക്കുന്നത്. വരുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിനാല്‍ത്തന്നെ ബൈഡന് ഈ ഉച്ചകോടിക്ക് പ്രാധാന്യമുണ്ട്. അടുത്ത വര്‍ഷം ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോള്‍, യുഎസിന് പുതിയ പ്രസിഡന്റുണ്ടാകുമെന്നതും പ്രധാനമാണ്.

ക്വാഡ് ഉച്ചകോടിയില്‍ ജപ്പാന്റെ ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവരും പങ്കെടുക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സഖ്യം കൈവരിച്ച പുരോഗതി ക്വാഡിന്റെ നേതാക്കള്‍ അവലോകനം ചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ന്യൂയോര്‍ക്കില്‍, പ്രധാനമന്ത്രി മോദി ഞായറാഴ്ച നാസാവു വെറ്ററന്‍സ് മെമ്മോറിയല്‍ കൊളീസിയത്തില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യും. എഐ, ക്വാണ്ടം കംപ്യൂട്ടിംഗ്, ബയോടെക്നോളജി തുടങ്ങിയ അത്യാധുനിക മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം വളര്‍ത്തിയെടുക്കാന്‍ യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.