വാഷിങ്ടൺ: സൂര്യനിൽ നടന്ന രണ്ട് സ്ഫോടനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൽ ബഹിരാകാശ കേന്ദ്രമായ നാസ. മേയ് 10, 11 തീയതികളിലാണ് ഈ സ്‌ഫോടനങ്ങൾ നടന്നത്. മേയ് 10-ാം തീയതി ഇന്ത്യൻ സമയം രാത്രി 9.23ഓടെയും, മേയ് 11-ാം തീയതി ഇന്ത്യൻ സമയം രാവിലെ 7.44 ഓടെയുമാണ് സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനങ്ങളെ X5.8 and X1.5 എന്നിങ്ങനെ തരംതിരിച്ചതായും നാസ അറിയിച്ചു.
സൂര്യനിൽ നിന്നുള്ള ഊർജം ഒരു പരിധിക്കപ്പുറം കൂടുമ്പോഴാണ് ഇത്തരം സ്ഫോടനങ്ങൾ ഉണ്ടാകുന്നത്. സമാനമായി സൂര്യനിൽ സ്‌ഫോടനങ്ങൾ തുടർന്നാൽ ഇത് റേഡിയോ കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ സിഗ്നലുകൾ, ഇലക്ട്രിക് പവർ ഗ്രിഡുകൾ തുടങ്ങിയവയ്‌ക്കും ബഹിരാകാശ നിലയങ്ങൾക്കും ബഹിരാകാശ സഞ്ചാരികൾക്കും ദോഷകരമായി ബാധിക്കുമെന്നും നാസ പറയുന്നു.
സൂര്യനില്‍ നിന്നുള്ള തീവ്രമായ സൗര കൊടുങ്കാറ്റ് ഞായറാഴ്ചയും ഭൂമിയിൽ അലയടിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. 19 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തിലൊരു സൗര കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമിടുന്നത്. 2005 ജനുവരിക്ക് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ കൊടുങ്കാറ്റായിരിക്കുമെന്നാണ് വിവരം.