
നാസയുടെ ചൊവ്വാ ദൗത്യ പരീക്ഷണത്തിന്റെ ഭാഗമാകാൻ ഇന്ത്യൻ വംശജനായ അഭിഷേക് ഭഗത്തും. ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങൾക്കും പരിശീലനത്തിനുമായി നിർമിച്ച കൃത്രിമ ആവാസവ്യവസ്ഥയിൽ 26ന് അഭിഷേക് പ്രവേശിക്കും. ഒരു സിമുലേറ്റഡ് ചൊവ്വ യാത്രയും ജീവിതവുമാണ് ഇനിയുള്ള 45 ദിവസത്തേക്ക് ഇയാൾ അനുഭവിക്കുക.
45 ദിവസം പുറംലോകവുമായി നേരിട്ട് ബന്ധമില്ലാതെ അദ്ദേഹമടക്കം നാലംഗ സംഘം കഴിയും. യുഎസ് ആർമി എൻജിനിയറിങ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ റിസർച്ച് ഇലക്ട്രിക്കൽ എൻജിനിയറാണ് അഭിഷേക്. മഹാരാഷ്‌ട്ര സ്വദേശിയായ അഭിഷേക് നാഗ്‌പുർ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിടെക് നേടിയത്. ഉപരിപഠനം അമേരിക്കയിലായിരുന്നു.
ഹൂസ്‌റ്റണിലെ ജോൺസൺ സ്‌പേയ്‌സ് സെന്ററിലാണ് ‘ഹ്യൂമൻ എക്‌സ്‌പ്ലോറേഷൻ റിസർച്ച് അനലോഗ്’ എന്ന ചൊവ്വാ ആവാസവ്യവസ്ഥയുള്ളത്. 1700 ചതുരശ്രയടി വിസ്‌തൃതിയിൽ ത്രിമാന രീതിയിലുള്ള മേഖലയിൽ ചൊവ്വയ്‌ക്ക് സമാനമായ അന്തരീക്ഷവും സാഹചര്യങ്ങളുമാണുള്ളത്. ദീർഘകാല യാത്രയിലും മറ്റുമുണ്ടാകുന്ന ശാരീരിക, മാനസിക, പെരുമാറ്റ പ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം നിരീക്ഷിക്കും. ചൊവ്വയ്‌ക്കും ഭൂമിക്കുമിടയിൽ ആശയ വിനിമയത്തിനുള്ള അഞ്ച് മിനിറ്റ് കാലതാമസവും അതേ രീതിയിൽ അനുഭവപ്പെടും. 18 ആരോഗ്യ പരീക്ഷണങ്ങളും നടത്തും. കാമാക് എബാദി, സൂസൻ ഹിൽബിഗ്, അരിയാന ലുറ്റ്‌സിച്ച് എന്നിവരാണ് അഭിഷേക് ഭഗത്തിനൊപ്പമുള്ള മറ്റ് 3 പേർ.
NASA Selects Crew for Next Simulated Mars Mission