ചന്ദ്രനില്‍ കൃഷിയിറക്കാന്‍ നാസ; കാബേജും ചീരയും പ്രത്യേകതരം പായലും വളര്‍ത്തും

കൃഷിയിടങ്ങളില്ലാത്തവര്‍ മട്ടുപ്പാവില്‍ വരെ കൃഷി നടത്തി വിജയിച്ച ചരിത്രമുണ്ട് നമുക്ക്. കാര്‍ഷികമേഖല ഭൂമിക്ക് അത്രയേറെ പ്രാധാന്യമുള്ളതാണ്. ഭൂമിയില്‍ മാത്രമല്ല, കൃഷിയുടെ വിജയഗാഥകുറിക്കാന്‍ ചന്ദ്രനിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് മനുഷ്യര്‍. എന്നുവെച്ചാല്‍ നാസ ചന്ദ്രനില്‍ കൃഷിക്ക് ഇറങ്ങുന്നുവെന്ന് !.

ആദ്യമായല്ല ബഹിരാകാശത്ത് ചെടി വളര്‍ത്തുന്നത്. എന്നാല്‍ ചന്ദ്രനില്‍ സസ്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പദ്ധതി ഇതാദ്യമായാണ് നടപ്പാക്കാനൊരുങ്ങുന്നത്.

ആര്‍ട്ടെമിസ് മൂന്ന്‌ ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവയ്പ്പിന് നാസ തയ്യാറെടുക്കുന്നത്. 50 വര്‍ഷത്തിന് ശേഷം മനുഷ്യര്‍ ചന്ദ്രനിലേക്ക് ആദ്യ ചുവടുകള്‍ എടുക്കുമ്പോള്‍, ബഹിരാകാശ സഞ്ചാരികള്‍ ആദ്യമായി ചന്ദ്രനില്‍ സസ്യങ്ങള്‍ കൃഷി ചെയ്ത് വളര്‍ത്തി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് നാസ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ പായലും കാബേജ് ഇനത്തില്‍ പെട്ട ബ്രാസിക്കയും പായലും ആശാളി ചീരയുമൊക്കെയാണ് ചന്ദ്രനിലെ ചെറു ഗ്രീന്‍ഹൗസുകളില്‍ വളര്‍ത്തുക.

അഗ്രികള്‍ച്ചറല്‍ ഫ്‌ലോറയിലെ ലൂണാര്‍ ഇഫക്റ്റ്‌സ് (LEAF) എന്നറിയപ്പെടുന്ന ഈ പദ്ധതി സസ്യവളര്‍ച്ചയുടെയും വികസനത്തിന്റെയും വിവരങ്ങള്‍ ശേഖരിക്കും. ഇത് ചന്ദ്രനിലും അതിനുമപ്പുറവും മനുഷ്യന്റെ പോഷണത്തിനും ജീവന്റെ പിന്തുണയ്ക്കുമായി വളരുന്ന സസ്യങ്ങളുടെ ഉപയോഗം മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെ സഹായിക്കും. 2026 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന, ഈ പദ്ധതിക്ക് തുടക്കമിടുന്ന പങ്കാളികളുടെ കൂട്ടായ്മയില്‍ അഡ്ലെയ്ഡ് സര്‍വകലാശാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ റിസര്‍ച്ച് കൗണ്‍സില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ പ്ലാന്റ്സ് ഫോര്‍ സ്പേസിന്റെ (P4S) ഒരു കോര്‍ ഗ്രൂപ്പ് ഉള്‍പ്പെടുന്നു.

സ്പേസ് ലാബ് ടെക്നോളജീസ് നേതൃത്വം നല്‍കുന്ന പദ്ധതിയില്‍ അഡ്ലെയ്ഡ് യൂണിവേഴ്സിറ്റി, ലാ ട്രോബ് യൂണിവേഴ്സിറ്റി, നാസ കെന്നഡി സ്പേസ് സെന്റര്‍, എല്ലാ P4S പങ്കാളികളും, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, കൊളറാഡോ ബോള്‍ഡര്‍, പര്‍ഡ്യൂ യൂണിവേഴ്സിറ്റി എന്നിവയും ഉള്‍പ്പെടുന്നു. സുസ്ഥിര ചാന്ദ്ര പര്യവേക്ഷണത്തിനും ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ക്കും വഴിയൊരുക്കുന്നതിനും ബഹിരാകാശത്ത് കൃഷി എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഈ ഗവേഷണം.

ഭൂമിക്ക് പുറത്തുള്ള അന്തരീക്ഷത്തില്‍ സസ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നും അവയെ അനുവദിക്കുന്ന കരുത്തുറ്റതും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതുമായ അന്തരീക്ഷം നമുക്ക് എത്ര നന്നായി നിര്‍മ്മിക്കാമെന്നും ഈ ദൗത്യം വ്യക്കമാക്കും.

കൃഷിയിലൂടെ ചന്ദ്ര പ്രതലത്തില്‍ നിന്ന് ലഭിക്കുന്ന ഡാറ്റയും, അത് നല്‍കുന്ന വിവരങ്ങളും പഠന വിധേയമാക്കുന്നതിലൂടെ ഭാവിയില്‍ ചാന്ദ്ര, ചൊവ്വ വിളകള്‍ ഉത്പാദിപ്പിക്കാന്‍ ശാസ്ത്രലോകത്തെ സഹായിക്കും.

ചന്ദ്രനിലേക്ക് അയക്കുന്ന വിത്തുകള്‍ ഒരു അടച്ച കാപ്സ്യൂളില്‍ മുളയ്ക്കുകയും വളരുകയും ചെയ്യുന്ന വിധത്തിലുള്ളവയായിരിക്കും. അതിന്റെ വളര്‍ച്ചയും മറ്റ് കാര്യങ്ങളും ഗവേഷകര്‍ ഒരു റിമോട്ട് ക്യാമറയിലൂടെ നിരീക്ഷിക്കും.

More Stories from this section

family-dental
witywide