
ഫ്‌ളോറിഡ: ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ച് നാസയുടെ നോവ-സി. നാസയ്ക്ക് വേണ്ടി സ്വകാര്യ ചാന്ദ്ര പേടകം വിക്ഷേപിച്ചത് സ്‌പേസ് എക്‌സ് ആണ്. അമേരിക്കന്‍ എയറോസ്‌പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീന്‍സ് വികസിപ്പിച്ച നോവ-സി ലാന്ററാണ് വ്യാഴാഴ്ച ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ചത്. പ്രിസിഷൻ ലാൻഡിങ് സാങ്കേതിക വിദ്യ, ബഹിരാകാശ കാലാവസ്ഥ, റേഡിയോ ആസ്ട്രോണമി, ആശയവിനിമയം, ഗതിനിർണയം തുടങ്ങി വിവിധ ആവശ്യങ്ങൾക്കുള്ളൊ ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങൾ ചന്ദ്രനിലെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
വാലന്റൈന്‍സ് ദിനമായ ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ 39 എം ലോഞ്ച് കോംപ്ലക്‌സില്‍ വെച്ചാണ് വിക്ഷേപണം നടക്കുക. നാസയുടെ കൊമേര്‍ഷ്യല്‍ ലൂണാര്‍ പേലോഡ് സര്‍വീസസ് സംരംഭത്തിന്റെ ഭാഗമായാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്.
ഓഡീസിയസ് എന്ന് പേരിട്ടിരിക്കുന്ന നോവ-സി ലാന്ററിൽ 12 പേലോഡുകളാണുള്ളത്. നാസയ്ക്കായി ആറ് പേലോഡുകളുടെ ഒരു സ്യൂട്ട് ലാൻഡർ വഹിക്കുന്നു. എട്ട് ദിവസത്തിനുള്ളിൽ ഒഡീസിയസ് ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്‌ട്രോങ്ങിന്റെ സഞ്ചാര പാതയിലൂടെ പേടകം സഞ്ചരിക്കും.