സെപ്റ്റംബർ 21 ന് ‘കേരള ദിനമായി’ പ്രഖ്യാപിച്ച് നാഷ്‌വിൽ മേയർ

നാഷ്‌വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്‌വില്ലിന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 21ന് ശ്രീ ഗണേശ ടെംപിൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. അസോസിയേഷന്‍റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച്, നാഷ്‌വിൽ മേയർ അന്നേ ദിവസത്തെ, ‘കേരള ദിനം’ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ടെനിസി സ്റ്റേറ്റ് സെനറ്റർ ‌ ജോ ഹെൻസ്‌ലിയും, നടി ദിവ്യ ഉണ്ണിയും മുഖ്യാതിഥികളായി ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെപ്റ്റംബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 11.30 മണിക്ക് ഇരുപത്തിമൂന്നിൽപ്പരം വിഭവങ്ങൾ ഉൾപ്പെടുന്ന ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഈ വർഷത്തെ ഓണസദ്യ അസോസിയേഷൻ വെളാന്‍റിയർമാർ തയ്യാറാക്കി വാഴ ഇലയിൽ വിളമ്പും.

ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും പുലിക്കളിയുടേയും അകമ്പടിയോടെ മഹാബലിയെ വരവേൽക്കും. തുടർന്ന് മഹാബലിയെ വേദിയിലേക്ക് ആനയിക്കും. അതോടൊപ്പം ചെണ്ടമേളവും മെഗാ തിരുവാതിരയും നടത്തും. തുടർന്ന് ഈ വർഷത്തെ ഓണാഘോഷം മുഖ്യാതിഥികൾ ഉദ്‌ഘാടനം ചെയ്യും. ശേഷം വിവിധ കലാപരിപാടികളും ദിവ്യ ഉണ്ണിയും സംഘവും നയിക്കുന്ന നൃത്തനൃത്ത്യങ്ങളും അരങ്ങേറും.

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ വാർഷികത്തിന്‍റെ ഭാഗമായി പുറത്തിറക്കുന്ന “കല്പടവുകൾ” എന്ന സുവനീറിന്‍റെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 615 243 0460 എന്ന നമ്പറിലോ kan.nashville@gmail.com എന്ന ഇമെയിലോ ബന്ധപ്പെടേണ്ടതാണ്.