‘പ്രിയദർശന്റെ കൂടെ കുത്തിനാണ് ഇന്ദിര ഗാന്ധിയുടെ പേര് വെട്ടിയത്’: ദേശീയ പുരസ്കാര പേരുമാറ്റലിൽ ജലീൽ

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേര് വെട്ടി മാറ്റിയ സംഭവത്തിൽ വിമർശനവുമായി കെ.ടി ജലീൽ എംഎൽഎ. മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയ സമിതിയിൽ ഒരു മലയാളി കൂടി ഉണ്ടെന്നത് വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രിയദർശൻ കൂട്ടുനിന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി മാറ്റിയതെന്നും കെ ടി ജലീൽ നിയമസഭയിൽ പറഞ്ഞു. എത്ര കോൺഗ്രസ് നേതാക്കന്മാർ പ്രതികരിച്ചുവെന്നും കോൺഗ്രസ് പ്രതിഷേധം ഒരിടത്തും കണ്ടില്ലെന്നും ജലീൽ പറഞ്ഞു.

‘‘നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിര ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‍കാരത്തിൽ നിന്ന് നടി നർഗീസ് ദത്തിന്‍റെ പേരും ഒഴിവാക്കാൻ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്ന സമിതിയിൽ മലയാളിയായ ഒരാളുണ്ടെന്നത് വേദനിപ്പിക്കുന്നു. കേരളത്തിലെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശനാണ് അത്. പ്രിയദർശന്റെ കൂടെ കുത്തിനാണ് ഇന്ദിര ഗാന്ധിയുടെ പേര് വെട്ടിമാറ്റിയത്. പ്രിയദർശനാണ് നർഗീസ് ദത്തിന്റെ പേര് വെട്ടിമാറ്റിയതിനു കൂട്ടുനിന്നത്’’ നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കവെ കെ.ടി.ജലീൽ ആരോപിച്ചു.

മികച്ച നവാഗത സംവിധായകന് നല്‍കുന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനര്‍നാമകരണം ചെയ്യുകയും നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി വിഭജിച്ച് നൽകിയിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്തുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിനെ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡ് വിഭാഗങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗമായിരിക്കും.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി.

More Stories from this section

family-dental
witywide