
ന്യൂഡല്‍ഹി: വിവാദമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ തുടര്‍ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണം അവസാനിപ്പിക്കാന്‍ ഏജന്‍സി നീങ്ങുന്നതിനാലാണ് രാഹുലിനെ തുടര്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ 2022 ജൂണില്‍ രാഹുലിനെ നാല് സിറ്റിംഗുകളിലായി ഏകദേശം 40 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. സോണിയ ഗാന്ധിയെ മൂന്ന് ദിവസങ്ങളിലായി 11 മണിക്കൂറോളവും ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അസോസിയേറ്റഡ് ജേണല്‍സിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ എങ്ങനെയാണ് ഗാന്ധികുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമെത്തിയതെന്നതായിരുന്നു പ്രധാന ചോദ്യം.
യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അസോസിയേറ്റഡ് ജേണല്‍സ് – യങ് ഇന്ത്യ ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ വാദം.
അതേസമയം രാഹുലിനൊപ്പം സോണിയാ ഗാന്ധിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കുന്ന കാര്യം സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജന്‍സി പരിഗണിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.
പാര്‍ലമെന്റിന്റെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ചക്രവ്യൂഹ പരാമര്‍ശത്തെത്തുടര്‍ന്ന് തന്നെ റെയ്ഡ് ചെയ്യാന്‍ ഇഡി ആലോചിക്കുന്നതായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.