ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, പൂർണ്ണരൂപം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി

ഡൽഹി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുന്നു. റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി. സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പരാതിയിലാണ് ദേശീയ വനിതാ കമ്മിഷന്റെ ഇടപെടൽ. ബിജെപി സംസ്ഥാന വക്താക്കളായ സന്ദീപ് വാചസ്പതിയും പി ആർ ശിവശങ്കരനും ആണ് പരാതി നൽകിയത്. റിപ്പോർട്ടിൽ വെളിപ്പെടുത്താത്ത പേജുകൾ ഉൾപ്പെടെ പൂർണമായ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം നൽകണമെന്നാണ് പരാതിക്കാർ ആവശ്യപ്പെട്ടത്. ഇതനുസരിച്ചുള്ള നടപടിയാണ് ദേശീയ വനിതാ കമ്മീഷനിൽ നിന്നും ഉണ്ടായിരിക്കുന്നത്.

റിപ്പോർട്ടിൽ പരാമർശിക്കുന്ന വെളിപ്പെടുത്തലുകളിൽ ദേശീയ വനിതാ കമ്മീഷൻ അന്വേഷണം നടത്തണമെന്നും പരാതിക്കാ‌ർ ആവശ്യപ്പെടിട്ടുണ്ട്. റിപ്പോർട്ടിൽ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും മലയാള സിനിമ മേഖലയിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 233 പേജുകളാണ് വിവരാവകാശ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പുറത്തുവിട്ടത്. 290 പേജുകൾ അടങ്ങിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്.റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെ ആരോപണവുമായി നടിമാർ രം​ഗത്തെത്തിയിരുന്നു. വെളിപ്പെടുത്തലുകളിൽ സംവിധായകൻ രഞ്ജിത്ത്, ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

More Stories from this section

family-dental
witywide