കോഴിക്കോട്: യാത്രക്കാരില്ലാത്തതിനാൽ നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്–ബെംഗളൂരു റൂട്ടിലായിരുന്നു ഗരുഡ പ്രീമിയം ബസിന്റെ സർവീസ്. ചൊവാഴ്ച മുതൽ ബസ് സർവീസ് നടത്തുന്നില്ല. 5 പേർ മാത്രമാണ് ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സർവീസ് നടത്തും.
സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. മേയ് ആദ്യവാരമാണ് ബസ് സർവീസ് തുടങ്ങിയത്. നഷ്ടമില്ലാതെയാണ് ബസ് ഇതുവരെ സർവീസ് നടത്തിയതെന്നും കെഎസ്ആർടിസി അറിയിച്ചു.
മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയിൽ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.
Navakerala Bus cancel trip after deficit passengers