കറങ്ങുന്ന സീറ്റും ലിഫ്റ്റും മാറ്റും; നവകേരള ബസ് അടുത്തമാസം മുതൽ ബജറ്റ് ടൂറിസത്തിന്

തിരുവനന്തപുരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ വാങ്ങിയ ബസ് അടുത്തമാസം മുതൽ കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന്. ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ബെംഗളൂരുവിലെ ബസ് നിർമ്മാണ കമ്പനിയിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. ടൂറിസ്റ്റ് ബസുകളുടെ ബോഡി നിർമാണത്തിൽ ദക്ഷിണേന്ത്യയിലെ മുൻനിര സ്ഥാപനമാണിത്.

മുഖ്യമന്ത്രിയിരുന്ന കറങ്ങുന്ന സീറ്റും ലിഫ്റ്റ് സംവിധാനവും ബസിൽ നിന്ന് ഒഴിവാക്കും. കറങ്ങുന്ന സീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്സില്‍ ഭദ്രമായി സൂക്ഷിക്കും. ബസിന്‍റെ ചില്ലുകള്‍ മാറ്റുമെങ്കിലും ശുചിമുറി നിലനിര്‍ത്തും.

രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് സജ്ജമാക്കിയത്. വിവിധ ജില്ലകളിൽ കെ.എസ്.ആർ.ടി.സി നടത്തുന്ന ബജറ്റ് ടൂറിസം സർവിസുകളിൽ അനുയോജ്യമായ ഇടങ്ങളിൽ നവകേരള ബസും യാത്ര നടത്തും.

നിർമാണം നടന്നിടത്തുതന്നെ അറ്റകുറ്റപ്പണികളും നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരു കോടിയിലേറെ രൂപ മുടക്കി വാങ്ങിയ ബസിൽ മൂന്ന് ലക്ഷത്തിലേറെ രൂപ അറ്റകുറ്റപ്പണിക്കായി വേണ്ടിവരുമെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ ബസ് കേരളത്തിലെത്തിക്കാനാണ് ഉദ്ദേശം.

More Stories from this section

family-dental
witywide