കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിസഭയും യാത്ര ചെയ്ത നവകേരള യാത്രയുടെ ബസ് ഗരുഡ പ്രീമിയം ബസി കോഴിക്കോട് – ബാംഗ്ലൂര്‍ റൂട്ടില്‍ ഓടിത്തുടങ്ങിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും ആളും അനക്കവുമില്ലാതെ യാത്ര മുടങ്ങിയ സ്ഥിതിയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ആരും ടിക്കറ്റ് ബുക്കുചെയ്യാതെ വന്നതോടെ ബസ് സര്‍വ്വീസ് നിര്‍ത്തിയിരിക്കുകയാണ്.
പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.35 ന് ബാംഗ്ലൂരിലെത്തും. തിരിച്ച് 2.30 ന് ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. കോഴിക്കോട് നിന്നും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പ്പേട്ട്, മൈസൂര്‍, മാണ്ഡ്യ വഴിയാണ് റൂട്ട്. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിങ്കളാഴ്ച വളരെ കുറച്ച് യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത്. വഴിയില്‍ നിന്നുപോലും ആരും കയറാത്ത സ്ഥിതിയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ 10 ല്‍ താഴെ യാത്രക്കാര്‍ മാത്രം ബുക്ക് ചെയ്തതിനാല്‍ അവരെ മറ്റ് ബസുകളില്‍ പറഞ്ഞുവിടുകയും നവകേരള ബസ് സര്‍വ്വീസ് താത്ക്കാലികമായി നിര്‍ത്തുകയുമായിരുന്നു. ഇനി വെള്ളിയാഴ്ച സര്‍വ്വീസ് നടത്തുമെന്നാണ് വിവരം. ബസ് സര്‍വീസ് തുടങ്ങിയശേഷം യാത്രക്കാര്‍ ഇത്രയും കുറയുന്നത് ആദ്യമാണ്.
ശുചിമുറി, വാഷ്‌ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടും യാത്രക്കാര്‍ മുഖം തിരിക്കുന്നത് സര്‍ക്കാരിനും ക്ഷീണം ചെയ്യും.