നവകേരള യാത്രയുടെ ‘രക്ഷാപ്രവര്‍ത്തനം’ ജീവിതം തകര്‍ത്തു; കേള്‍ക്കാനാകാതെയും തലയില്‍ രക്തം കട്ടപിടിച്ചും യുവാക്കള്‍

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ട് സംവദിക്കാനും പരാതി കേള്‍ക്കാനും ഇറങ്ങിത്തിരിച്ച നവകേരള സദസ് എന്ന പരിപാടിയും അതിനിടെയിലുണ്ടായ ‘രക്ഷാപ്രവര്‍ത്തനവും’ ആരു മറന്നാലും മറക്കാത്ത ചിലരുണ്ട്. മനസിലും ശരീരത്തിലും നവകേരള സദസിന്റെ ‘മുദ്ര’കള്‍ പതിഞ്ഞവര്‍ക്ക് എങ്ങനെയാണ് അത് മറക്കാനാകുക?

കഴിഞ്ഞ വര്‍ഷം നവംബറില്‍ നവകേരള സദസിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്കുനേരെ പഴയങ്ങാടിയില്‍ വെച്ച് കരിങ്കൊടി കാട്ടിയതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും – കെഎസ്യു പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ‘രക്ഷാപ്രവര്‍ത്തന’മാണ് നടതെന്നായിരുന്നു സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതോടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ ‘രക്ഷാപ്രവര്‍ത്തകര്‍’ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു.

ഈ ആക്രമണത്തിന്റെ ഇരകളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥിതി എട്ടു മാസങ്ങള്‍ക്കിപ്പുറവും പരിതാപകരമാണ്. ചെടിച്ചട്ടികൊണ്ടും ഹെല്‍മറ്റുകൊണ്ടുമൊക്കെയാണ് ഇവരില്‍ പലര്‍ക്കും മര്‍ദ്ദനമേറ്റത്.

ചെടിച്ചട്ടികൊണ്ടു തലയ്‌ക്കേറ്റ അക്രമണത്തിന്റെ ആഘാതം ഇനിയും മാറിയിട്ടില്ലെന്നും തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചതിനുള്ള ചികിത്സയ്‌ക്കൊപ്പം ഇനിയും ശസ്ത്രക്രിയ വേണ്ടിവരുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍ പറയുന്നു.

ഇടതുചെവിയുടെ കര്‍ണപുടം പൊട്ടിയ കെഎസ്യു പ്രവര്‍ത്തകന്‍ സഞ്ജുവിനു കേള്‍വി ഇനിയും തിരിച്ചുകിട്ടിയിട്ടില്ല. ഇവരെക്കൂടാതെ, അന്ന് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്‍, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് രാഹുല്‍ പുത്തന്‍പുരയില്‍ എന്നിവര്‍ക്കും എട്ടുമാസങ്ങള്‍ക്കിപ്പുറവും പഴയജീവിതം തിരിച്ചുകിട്ടിയിട്ടില്ല.

ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചാണ് മന്ത്രിസഭ ഒന്നാകെ റോഡിലിറങ്ങിയ നവകേരള സദസ് നടന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയവരെ തല്ലിച്ചതയ്ക്കുന്ന കാഴ്ചയായിരുന്നു നിരന്തരം വന്നുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ കണ്‍ മുന്നില്‍ നടന്ന അടിച്ചമര്‍ത്തലുകളെ കണ്ടില്ലെന്നുപോലും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഗണ്‍മാന്‍മാര്‍ നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ സംഭവവും വലിയ വിവാദമുണ്ടാക്കിയിരുന്നു. മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide