വികാരഭരിതം, എങ്ങും കണ്ണീർ മാത്രം, അന്ത്യകർമ്മങ്ങ‌ൾ ചെയ്ത് പെൺ മക്കൾ; നവീൻ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി, വിങ്ങിപ്പൊട്ടി നാട്

പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന് കണ്ണീരോടെ യാത്രമൊഴിയേകി നാടും നാട്ടുകാരും. അതി വൈകാരികമായ നിമിഷങ്ങൾക്കൊടുവിൽ നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വീട്ടിലും കളക്ടറേറ്റിലുമായി നൂറുകണക്കിന് ആളുകളാണ് നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. പെൺ മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് നവീൻ ബാബുവിന്‍റെ മൃതദേഹം ചിതയിലേക്കെടുത്തത്.

രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. കളക്ട്രേറ്റിൽ നിന്ന് 11.30 ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.

അതിനിടെ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide