പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ നവീൻ ബാബുവിന്റെ ഭാര്യ പ്രതികരണവുമായി രംഗത്ത്. ദിവ്യ പൊലീസ് കസ്റ്റഡിയിലായത് ആശ്വാസം നൽകുന്നുവെന്നാണ് മഞ്ജുഷ പറഞ്ഞത്. നവീൻ ബാബുവിന്‍റെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അവർ വിവരിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞത്.
നേരത്തെ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയും മഞ്ജുഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അതിനും വേണ്ടി ഏതറ്റം വരെ പോകുമെന്നുമാണ് നവീൻ ബാബുവിന്റെ ഭാര്യ പറഞ്ഞത്. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള മഞ്ജുഷയുടെ ആദ്യ പരസ്യ പ്രതികരണമായിരുന്നു അത്. പിപി ദിവ്യക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും. ആ വേദിയിൽ ആയിരുന്നില്ല അവര്‍ അങ്ങനെ സംസാരിക്കേണ്ടിയിരുന്നതെന്നും വേറൊരു വേദി കളക്ടർക്ക് ഒരുക്കാമായിരുന്നുവെന്നും മഞ്ജുഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
അതേസമയം കസ്റ്റഡിയിലെടുത്ത ദിവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കണ്ണൂർ പൊലീസ് കമ്മീഷണറടക്കം ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് ദിവ്യയെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ ദിവ്യയെ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്‍റെ നീക്കം.