നവീൻ പട്നായിക്കിന്റെ ബിജു ജനതാ ദൾ എൻഡിഎയിലേക്ക് തിരികെ വരുമെന്ന് സൂചന

ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജു ജനത ദൾ എൻഡിഎയിലേക്ക് തിരികെ വരുമെന്ന് സൂചന. 15 വർഷം മുൻപാണ് എൻ ഡി ആയിൽനിന്ന് ബിജെഡി വിട്ടുപോയത്. പതിനൊന്ന് വർഷത്തെ സഖ്യം ഉപേക്ഷിച്ചാണ് അന്ന് പട്നായിക്കും സംഘവും മുന്നണി വിട്ടിറങ്ങിയത്.

ബുധനാഴ്ച നവീൻ പട്‌നായിക്കിൻ്റെ ഔദ്യോഗിക വസതിയായ നവീൻ നിവാസിൽ ബിജെഡി നേതാക്കൾ വിപുലമായ സമ്മേളനം വിളിച്ചുചേർത്തിരുന്നു. ബിജെപിയുടെ ഒഡിഷ അധ്യക്ഷൻ മൻമോഹൻ സമൽ ഉൾപ്പെടെയുള്ളവർ ഡൽഹിയിലും യോഗം ചേർന്നിരുന്നു. ഇത് ബിജെപി- ബിജെഡി സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായിയാണെന്നാണ് റിപ്പോർട്ടുകൾ .ഔദ്യോഗികമായി അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും ബിജെഡി വൈസ് പ്രസിഡൻ്റും എംഎൽഎയുമായ ദേബി പ്രസാദ് മിശ്ര ചർച്ചകൾ നടന്നതായി സ്ഥിരീകരിച്ചു. എന്നാൽ സഖ്യം രൂപീകരിക്കുന്നതിന് കുറിച്ച് കൂടുതലൊന്നും പറയാൻ കൂട്ടാക്കിയിട്ടില്ല.

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ സംബന്ധിച്ച് ബിജെഡി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി വിപുലമായ ചർച്ച നടന്നതായി ബിജെഡി പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു.ബിജെപിയുടെ മുതിർന്ന നേതാവും എംപിയുമായ ജുവൽ ഓറം, ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുമായുള്ള യോഗത്തിന് ശേഷം, ബിജെഡിയുമായുള്ള തിരഞ്ഞെടുപ്പ് സഖ്യചർച്ചകൾ നടക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം പാർട്ടി കേന്ദ്ര നേതൃത്വത്തിൻ്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഖ്യമുണ്ടായാൽ ഭൂരിഭാഗം ലോക്‌സഭാ സീറ്റുകളിലും ബിജെപി മത്സരിക്കുമെന്നും ബിജെഡി നിയമസഭാ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് വൃത്തങ്ങൾ അറിയിക്കുന്നത്. 21 ലോക്‌സഭാ സീറ്റുകളും 147 അസംബ്ലി സീറ്റുകളുമാണ് ഒഡിഷയിലുള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെഡിയും ബിജെപിയും യഥാക്രമം 12, എട്ട് പാർലമെൻ്റ് മണ്ഡലങ്ങളും 112, 23 നിയമസഭാ മണ്ഡലങ്ങളും നേടിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പട്‌നായിക്കും പൊതുവേദികളിൽ പരസ്പരം പ്രശംസിച്ച് സംസാരിച്ചപ്പോൾ തന്നെ സഖ്യസാധ്യത സംബന്ധിച്ച് വാർത്തകൾ പരന്നിരുന്നു.

Naveen Patnaik’s BJD Hints At NDA Return

More Stories from this section

family-dental
witywide