ദില്ലി∙ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും മകനും ബിജെപിയിലേക്ക് ചേക്കേറുമെന്ന വാർത്തക്ക് പിന്നാലെ കോൺഗ്രസിനെ ഞെട്ടിച്ച് മറ്റൊരു വാർത്തയും പുറത്തുവന്നു. പഞ്ചാബിലെ പ്രധാന നേതാവായ നവജ്യോത് സിങ് സിദ്ദുവും പാർട്ടി വിട്ടു ബിജെപിയിലേക്കെന്ന് സൂചന. പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനായ സിദ്ദുവും കോൺഗ്രസിലെ മൂന്നു എംഎൽഎമാരും അടുത്ത ആഴ്ചയോടെ പാർട്ടി വിട്ടേക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിദ്ദു ഞായറാഴ്ച ഉച്ചയ്ക്ക് 12.15ന് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണു സൂചന.
കഴിഞ്ഞ കുറച്ച് നാളുകളായി സിദ്ദു പാർട്ടി സംസ്ഥാന നേതൃത്വവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച് സമാന്തര യോഗങ്ങളും റാലികളും സംഘടിപ്പിച്ചതിന് നേതാക്കൾ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നു. പാർട്ടി പരിപാടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സിദ്ദു ഒഴിഞ്ഞുമാറുകയാണെന്നും നേതാക്കൾ പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലേ സിദ്ദു സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.
navjot singh sidhu may join BJP