ബിലാവൽ ഭൂട്ടോ പിന്മാറി; നവാസ് ഷരീഫ് പാക്ക് പ്രധാനമന്ത്രിയാകും

ഇസ്ലാമാബാദ്: നവാസ് ഷരീഫ് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രിയാകാൻ ഇല്ലെന്ന് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി വ്യക്തമാക്കിയതോടെയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രി പദവിയിലേക്കെത്തും എന്ന് ഉറപ്പായത്. സർക്കാരിന്റെ ഭാഗമാകാതെ, പ്രധാനമന്ത്രി പദത്തിൽ പിഎംഎൽ–എൻ പാർട്ടിക്കു പിന്തുണ നൽകുമെന്ന് വാർത്താസമ്മേളനത്തിൽ ഭൂട്ടോ വ്യക്തമാക്കി.

നാലാം തവണയാണ് നവാസ് ഷരീഫ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. പിപിപി ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് ബിലാവൽ ഭൂട്ടോ നിലപാട് വ്യക്തമാക്കിയത്. നവാസ് ഷരീഫിനെ പുറമെനിന്ന് പിന്തുണക്കും. രാജ്യത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഒഴിവാക്കാനാണ് തീരുമാനമെന്നും പാർട്ടി സെൻട്രൽ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനുശേഷം ബിലാവൽ വിശദീകരിച്ചു.

‘‘എന്റെ പാർട്ടി സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ട് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേക്കില്ല. രാജ്യത്തിന്റെ രാഷ്‌ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിനായാണ് പിഎംഎൽ–എൻ പാർട്ടിക്കു പിന്തുണ നൽകുന്നത്. സർക്കാരിന്റെ ഭാഗമാകാതെയാകുമിത്. ’’

മുസ്‍ലിം ലീഗുമായി ചേർന്ന് സഖ്യ സർക്കാർ രൂപവത്കരിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെട്ടു. നവാസ് ഷരീഫ് തന്നെ പ്രധാനമന്ത്രിയാകുമെന്ന് അദ്ദേഹത്തിന്റെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ ശഹ്ബാസ് ഷരീഫ് പ്രഖ്യാപിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide