ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ പുറത്തുവരുമ്പോൾ പാക്കിസ്ഥാനിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളും സജീവമാക്കുയാണ് പ്രമുഖ നേതാക്കൾ. രാത്രിയോടെ തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് രംഗത്തെത്തിയ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സർക്കാരുണ്ടാക്കാനുള്ള അതിവേഗ നീക്കങ്ങളാണ് നടത്തുന്നത്. എന്നാൽ ഷെരീഫിന്‍റെ നീക്കങ്ങൾക്ക് തടയിടാനുള്ള പരിശ്രമത്തിലാണ് ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പി ടി ഐയുടെ നേതാക്കൾ. തെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ മുൻനിർത്തിയുള്ള നീക്കം വിജയിച്ചെന്ന വിലയിരുത്തലിലാണ് പി ടി ഐ നേതൃത്വം. ജയിലിലാണെങ്കിലും ഇമ്രാന്‍റെ സ്വാധീനത്തിന് ഇടിവ് വന്നിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടികാട്ടുന്നതെന്നാണ് പി ടി ഐയുടെ പക്ഷം.
സ്വതന്ത്രരെ അടക്കം ഇറക്കിയുള്ള തന്ത്രങ്ങൾ വിജയിച്ചെന്ന് ചൂണ്ടികാട്ടിയ പി ടി ഐ നേതൃത്വവും പാക്കിസ്ഥാനിൽ സർക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. ശനിയാഴ്ച ഇമ്രാൻ ഖാനെ കാണാൻ പി ടി ഐ നേതാക്കൾ ജയിലിലെത്തും. ശേഷമാകും പി ടി ഐയുടെ തുടർനീക്കം. ദേശീയ അസംബ്ലി ബഹിഷ്കരിക്കരുതെന്ന വാദത്തിനാണ് പാർട്ടിക്കുള്ളിൽ നിലവിൽ മേൽക്കൈയുള്ളത്. അതുകൊണ്ടുതന്നെ സർക്കാർ രൂപീകരണ ചർച്ചകളാകും ജയിലിൽ നടക്കുക. സ്വതന്ത്രരായി വിജയിച്ചവരെ എം ഡബ്ല്യു എം പാർട്ടിയിൽ അംഗങ്ങളാക്കിക്കൊണ്ടുള്ള നീക്കമാണ് പ്രധാനമായും പരിഗണനയിലുള്ളതെന്നാണ് വിവരം. നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യത്തിൽ ആയിരുന്നു. ഈ നീക്കം വിജയിച്ചാൽ ശേഷം സർക്കാർ ഉണ്ടാക്കുന്നതിനു അവകാശവാദം ഉന്നയിക്കാനാണ് പി ടി ഐ തീരുമാനം.
അതേസമയം തന്നെ അടുത്ത 72 മണിക്കൂർ പാക്കിസ്ഥാൻ രാഷ്ട്രീയത്തെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. സ്വതന്ത്രർക്ക് 72 മണിക്കൂരിനുള്ളിൽ ഏതേലും പാർട്ടിയിൽ ചേരാമെന്നാണ് പാക്കിസ്ഥാനിലെ ചട്ടം. സ്വതന്ത്രർ ആർക്കൊപ്പം നിലയുറപ്പിക്കും എന്നത് വരും മണിക്കൂറിൽ കണ്ടറിയണം.
അതിനിടെ ബിലാവൽ ഭൂട്ടോയെയും അദ്ദേഹത്തിന്‍റെ പാർട്ടി പി പി പിയെയും പാളയത്തിലെത്തിക്കാനുള്ള ഷെരീഫിന്‍റെ നീക്കം വിജയിക്കുന്നില്ലെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. പി പി പി നേതാവായ ബിലാവൽ ഭൂട്ടോയുമായി ചർച്ച നടത്തുമെന്ന് നവാസ് ഷരീഫ് അറിയിച്ചിട്ടുണ്ടെങ്കിലും പി പി പി താത്പര്യം കാണിച്ചിട്ടില്ലെന്നാണ് സൂചന. നവാസ് ഷെരീഫിനെ അംഗീകരിക്കില്ലെന്നാണ് പി പി പി വൃത്തങ്ങൾ പറയുന്നത്. സമ്പൂർണ ഫലം വന്നതിനു ശേഷം മാത്രം മതി ചർച്ച എന്നാണ് ഷെരിഫിനോട് പി പി പി നേതൃത്വം പറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Nawaz Sharif Party In Talks With Independents As Imran Khan Allies Lead In Pakistan Elections