സത്യപ്രതിജ്ഞക്ക് മുന്നേ എൻഡിഎയിൽ ആദ്യ പൊട്ടിത്തെറി, എൻസിപി ഇടഞ്ഞു, മന്ത്രിസഭയിലേക്കില്ല; അനുനയിപ്പിക്കാൻ ബിജെപി

ദില്ലി: മോദി സർക്കാരിന്‍റെ മൂന്നാം വട്ട സത്യപ്രതിജ്ഞക്ക് മുന്നേ എൻ ഡി എയിൽ ആദ്യ കലാപക്കൊടി ഉയർത്തി എൻ സിപി. അജിത് പവാർ പക്ഷത്തെ എൻ സി പിയാണ് മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് മുന്നേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കാത്തതാണ് എൻ സി പിയുടെ പ്രതിഷേധത്തിന് കാരണം. കാബിനറ്റ് മന്ത്രി സ്ഥാനം നല്കാൻ ബി ജെ പി തയ്യാറാകാത്തതിൽ പ്രതിഷേധം അറിയിച്ച് മന്ത്രി സഭയിൽ ചേരാനില്ലെന്ന് എൻ സി പി വ്യക്തമാക്കിയിരിക്കുകയാണ്. മുതിർന്ന നേതാവായ പ്രഫുൽ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എൻ സി പി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ പരിഗണിച്ചില്ല. പാർട്ടിയുടെ ഏക എം പി യും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനിൽ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എൻ സി പി പ്രതിഷേധമറിയിച്ച് മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അതിനിടെ എൻ സി പിയെ അനുനയിപ്പിക്കാൻ നീക്കവുമായി ബി ജെ പി നേതാക്കൾ രംഗത്തെത്തി. എൻ സി പിയെ പിന്നീട് പരി​ഗണിക്കുമെന്നാണ് ബി ജെ പി നേതൃത്വം നൽകുന്ന ഉറപ്പ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. കേന്ദ്ര മന്ത്രിസഭാ വിപുലീകരണ സമയത്ത് എൻ സി പിയെ പരി​ഗണിക്കുമെന്നാണ് ഫഡ്നാവിസ് പറഞ്ഞത്.

അതേസമയം മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 നാണ് തുടങ്ങുക. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരാകും. ബി ജെ പിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ടി ഡി പിക്ക് 2 ക്യാബിനറ്റ് പദവികളാണ് നൽകിയിരിക്കുന്നത്.

NCP boycott Modi 3.0 Cabinet PM Modi oath ceremony live updates

More Stories from this section

family-dental
witywide