മന്ത്രിയാകുമെന്ന് ആയപ്പോഴാണ് ആരോപണമുയര്‍ന്നത്, ഇത്ര വലിയ വിഷയം ആരെങ്കിലും നിയമസഭാ ലോബിയില്‍ ചര്‍ച്ച ചെയ്യുമോ?

ആലപ്പുഴ: എന്‍സിപിയിലേക്കെത്താന്‍ രണ്ട് എംഎല്‍എമാര്‍ക്ക് 50 കോടി വീതം കോഴ വാഗ്ദാന ചെയ്‌തെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് എന്‍സിപി എംഎല്‍എ തോമസ് കെ. തോമസ്. എന്‍സിപി (ശരദ് പവാര്‍) എംഎല്‍എ തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്, അദ്ദേഹം 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണമാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.

താന്‍ മന്ത്രിയാകുമെന്ന് ആയപ്പോഴാണ് ആരോപണമുയര്‍ന്നത്. ഇത്ര വലിയ വിഷയം ആരെങ്കിലും നിയമസഭാ ലോബിയില്‍ ചര്‍ച്ച ചെയ്യുമോ? കോവൂര്‍ കുഞ്ഞുമോന്റെ മറുപടി മതി എല്ലാം ആരോപണങ്ങളും തെറ്റാണെന്നു തെളിയാന്‍. മുഖ്യമന്ത്രി എന്നെ അവിശ്വസിക്കുമെന്നു തോന്നുന്നില്ല”- വാര്‍ത്താസമ്മേളനത്തില്‍ തോമസ് കെ തോമസ് വ്യക്തമാക്കി. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണം പൂര്‍ണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി.

അതേസമയം, കോഴ ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോനും രംഗത്തെത്തി. ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഒരു വാഗ്ദാനത്തിന്റേയും പുറകെ പോകുന്ന ആളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.