തിരുവനന്തപുരം: എന്‍സിപിയിലേക്ക് മാറാന്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസിന് ക്ലീന്‍ചിറ്റ്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്നാണ് എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്.
എന്‍സിപി നിയോഗിച്ച നാലംഗ അന്വേഷണ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്കാണ് തോമസ് കെ തോമസിന് അനുകൂലമായ റിപ്പോര്‍ട്ട് കൈമാറിയത്.
ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയതുവെന്നായിരുന്നു ആരോപണം. കോഴ വാഗ്ദാനം ചെയ്തെന്ന പരാതി നിലനില്‍ക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇരു എംഎല്‍എമാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ കോഴ വാഗ്ദാനം ആന്റണി രാജു ശരിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാദങ്ങള്‍ കോവൂര്‍ കുഞ്ഞുമോന്‍ എതിര്‍ത്തു. വാദം തള്ളുകയും ചെയ്തിരുന്നു.
അതേസമയം, നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പിസി ചാക്കോ പക്ഷക്കാരാണെന്ന് ആക്ഷേപമുണ്ട്. കമ്മീഷനെതിരെ എ കെ ശശീന്ദ്രന്‍ പക്ഷം രംഗത്തെത്തിയിട്ടുണ്ട്.