തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഇടംപിടിച്ച് അന്തരിച്ച നടനും ചാലക്കുടിയിലെ മുന്‍ എം.പിയുമായിരുന്ന ഇന്നസെന്റ്. സുരേഷ്‌ഗോപിക്ക് ഒപ്പം നില്‍ക്കുന്ന രീതിയിലാണ് പോസ്റ്ററില്‍ ഇന്നസെന്റിന്റെ സാന്നിധ്യം. എല്ലാത്തിനും അപ്പുറം സൗഹൃദമെന്നും ഫ്‌ളക്‌സില്‍ കുറിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്‌ളക്‌സ് ഇതിനോടകം ചര്‍ച്ചയാകുകയും ഇന്നസെന്റിന്റെ കുടുംബം വിഷയത്തില്‍ പ്രതികരണം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ അനുവാദത്തോടെയല്ല ചിത്രം ഉള്‍പെടുത്തിയതെന്ന് മകന്‍ സോണറ്റ് വ്യക്തമാക്കി. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ നീക്കം.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനടുത്തായാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. ഞായറാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവം ആരംഭിച്ചിരുന്നു. ഇതിന് ആശംസ അറിയിച്ചുകൊണ്ടാണ് പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.