അബദ്ധത്തിൽ രൂപീകരിച്ച എൻഡിഎ സർക്കാർ നിലനിൽക്കില്ല; ഏതു സമയവും നിലംപതിക്കാമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: എൻഡിഎ സഖ്യ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണെന്നും എപ്പോൾ വേണമെങ്കിലും വീഴാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു. ബിജെപി തങ്ങളുടെ സഖ്യങ്ങൾ നിലനിർത്താൻ പാടുപെടുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

“അബദ്ധത്തിൽ രൂപീകരിച്ചതാണ് എൻഡിഎ സർക്കാർ. മോദിജിക്ക് അനുകൂലമായിരുന്നില്ല ജനവിധി. ഇതൊരു ന്യൂനപക്ഷ സർക്കാരാണ്. ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം. തത്കാലം ഇവർ തുടരട്ടെ എന്നു തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ നല്ലതിനു വേണ്ടി നമുക്ക് ഒരുമിച്ചു നിന്ന് പ്രവർത്തിക്കാം.” ഖാർഗെ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

543 അംഗ ലോക്‌സഭയിൽ 293 സീറ്റുകളാണ് എൻഡിഎ നേടിയത്. കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം നേടാനായ ബിജെപി ഇക്കുറി വിജയിച്ചതാകട്ടെ 240 സീറ്റുകളിൽ മാത്രം. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 എന്ന ബെഞ്ച്മാർക്കിൽ തൊടാൻ ബിജെപിക്ക് സഖ്യ കക്ഷികളെ ആശ്രയിക്കേണ്ടി വന്നു.

16 സീറ്റുകൾ നേടിയ എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി, നിതീഷ് കുമാറിൻ്റെ ജെഡിയു (12), ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന (7), ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടി-റാം വിലാസ് (5) എന്നിവയാണ് ബിജെപിയെ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ സഹായിച്ച നാല് സഖ്യകക്ഷികൾ.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഖ്യ സര്‍ക്കാരിനുമെതിരെയുള്ള ഖാര്‍ഗെയുടെ പരിഹാസത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷികള്‍ രംഗത്തെത്തി. എന്‍ഡിഎയുടെ സഖ്യക്ഷികളെല്ലാം ഖാര്‍ഗെക്കെതിരെ സംസാരിച്ചപ്പോള്‍ ആര്‍.ജെ.ഡി വക്താവ് ഇജാസ് അഹമ്മദ് ഖാര്‍ഗെക്ക് പിന്തുണയുമായി രംഗത്തെത്തി. ‘ഖാര്‍ഗെ പറഞ്ഞത് ശരിയാണ്. ജനവിധി മോദി സര്‍ക്കാരിനെതിരായിരുന്നു. എല്ലാ വോട്ടര്‍മാരും അദ്ദേഹത്തെ അനുകൂലിക്കുന്നില്ല. എന്നിട്ടും അദ്ദേഹം അധികാരത്തിലെത്തി,’ ഇജാസ് അഹമ്മദ് പറഞ്ഞു.

More Stories from this section

family-dental
witywide