ന്യൂയോർക്ക്: ആഗോള തലത്തിൽ എച്ച്.ഐ.വി രോഗബാധ ഉണ്ടാക്കുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ഐക്യ രാഷ്ട്ര സഭയുടെ പുതിയ റിപ്പോർട്ട്. ലോകത്ത് ഏകദേശം നാലു കോടി പേർ എച്ച്.ഐ.വി. വൈറസുമായി ജീവിക്കുന്നുവെന്നാണ് യു.എൻ പറയുന്നത്. 90 ലക്ഷം പേർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇതുമൂലം ഓരോമിനിറ്റിലും എയ്ഡ്സ് സംബന്ധമായ കാരണങ്ങളാൽ ഓരോരുത്തരും മരിക്കുന്നുവെന്നും യു.എൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ തന്നെ എയ്ഡ്സ് രോഗികളുടെ നിരക്കിന് കൂച്ചുവിലങ്ങിടാൻ പദ്ധതികളുണ്ടെങ്കിലും ഇവ പലതും മെല്ലെപ്പോക്കായെന്നും ഫണ്ടുകളുടെ അഭാവമുണ്ടെന്നും മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക, ഈസ്റ്റേൺ യൂറോപ്- സെൻട്രൽ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ രോഗബാധിതർ വർധിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് എയ്ഡ്സ് അനുബന്ധ മരണങ്ങളിൽ കുറവുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
2023 ൽ 6,30,000 പേരാണ് എയ്ഡസ് അനുബന്ധ രോഗങ്ങളാൽ മരണപ്പെട്ടത്. 2004 ൽ ഇത് ഇരുപതുദശലക്ഷമായിരുന്നു. ആഫ്രിക്കയിലെ ചിലഭാഗങ്ങളിൽ അസാധാരണമാംവിധം പെൺകുട്ടികളിലും സ്ത്രീകളിലും എയ്ഡ്സ് രോഗികൾ വർധിക്കുന്നതിനുപിന്നിൽ ലിംഗപരമായ അസമത്വവും കാരണമാണെന്ന് യു.എൻ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.