ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൻ്റെ (ഐഎസ്‌ഗ്ലോബൽ) റിപ്പോർട്ട് അനുസരിച്ച്, 2023-ൽ യൂറോപ്പിൽ 47,000-ലധികം ആളുകൾക്ക് കൊടും ചൂടു കാരണം ജീവൻ നഷ്ടമായി. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം താപനില ഉയരുകയാണ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ ചൂടുകൂടുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്. ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വേറെയും.
തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2023ൽ ചൂട് മൂലം മരിച്ചവരുടെ എണ്ണത്തിൽ ക്രമാധീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. 35 യൂറോപ്യൻ രാജ്യങ്ങളിലെ താപനിലയും മരണനിരക്കും താരതമ്യ പഠനം നടത്തിയാണ് ഗവേഷകർ റിപ്പോർട്ട് തയാറാക്കിയത്.
അതിൽ തന്നെ ഗ്രീസ്, ബൾഗേറിയ, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കുടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ചൂട് കാരണം മരണപ്പെട്ടവരുടെ എണ്ണം 47,690 വരുമെന്നാണ് റിപ്പോർട്ടിലുള്ളത്.