ലഖ്‌നൗ: പുതിയ ഭരണഘടന ഉണ്ടാക്കാൻ സർക്കാരിന് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന് അയോധ്യയിലെ സിറ്റിംഗ് ബിജെപി എംപി ലല്ലു സിങ്. കഴിഞ്ഞ ആഴ്ച മിൽകിപൂർ അസംബ്ലി മണ്ഡലത്തിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിജെപി എംപി.
272 സീറ്റുകള്‍ നേടിയാല്‍ ഒരു കക്ഷിയ്ക്ക് രാജ്യം ഭരിക്കാം. എന്നാല്‍ ആ ഭൂരിപക്ഷം കൊണ്ട് ഭരണഘടന മാറ്റാനാകില്ലെന്ന് ഉള്‍പ്പെടെ ലല്ലു സിങ് വിശദീകരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി അംബേദ്കറിന്റെ ജന്മദിനത്തില്‍, ബിജെപി എംപി പറഞ്ഞതാണെന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.
സംഭവം വിവാദമായതോടെ താന്‍ അതല്ല ഉദ്ദേശിച്ചതെന്നും പുതിയ ഭരണഘടന ഉണ്ടാക്കുമെന്ന് സൂചിപ്പിച്ചത് നാക്കുപിഴയാണെന്നും ലല്ലു സിങ് തിരുത്തി. രാജ്യത്തിന്റെ നന്മയ്ക്കായി മോദി വീണ്ടും അധികാരത്തിലെത്തണമെന്നും ഭരണഘനയില്‍ കൃത്യമായി ഭേദഗതികളുണ്ടാകണമെന്നും ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്നും മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഭരണഘടനാ മൂല്യങ്ങളെ ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് എം പിയുടെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നത്.