ന്യൂഡല്‍ഹി: പ്രത്യേക സംസ്ഥാനത്തിന്റെ പേരില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നാഗാലാന്‍ഡ് ഗ്രൂപ്പ് തീരുമാനിച്ചു. നാഗാലാന്‍ഡിലെ ആറ് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ഭരണമോ സംസ്ഥാനമോ വേണമെന്നാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്റെ ആവശ്യം. നാഗാലാന്‍ഡിലെ ഏക ലോക്സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കേന്ദ്രം തങ്ങളുടെ ആവശ്യം നിറവേറ്റുന്നതുവരെ പങ്കെടുക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍.
20 എംഎല്‍എമാര്‍ അടങ്ങുന്ന ഈസ്റ്റേണ്‍ നാഗാലാന്‍ഡ് ലെജിസ്ലേറ്റേഴ്സ് യൂണിയന്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇഎന്‍പിഒയോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കു ശേഷം വെള്ളിയാഴ്ച ഒരിക്കല്‍ കൂടി സംസ്ഥാനത്ത് ഏപ്രില്‍ 19 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.
ആറ് ജില്ലകളിലെ ഉന്നത നാഗാ സംഘടനയായ ഇഎന്‍പിഒയും അതിന്റെ പ്രത്യേക സംസ്ഥാന ആവശ്യത്തെ പിന്തുണച്ച് അനുബന്ധ സംഘടനകളും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഉറപ്പിനെത്തുടര്‍ന്ന് പിന്നീട് അത് പിന്‍വലിച്ചിരുന്നു.
കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കായി സ്വയംഭരണ പ്രദേശം സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടുത്തിടെ പറഞ്ഞിരുന്നു.