ന്യൂഡൽഹി: സമ്മര്‍ദം ചെലുത്തിയും തെറ്റായ വിവരങ്ങളിലൂടെയും അവഹേളനത്തിലൂടെയും ജുഡീഷ്യറിയെ ദുർബലപ്പെടുത്താൻ ചില വിഭാഗങ്ങൾ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിന് കത്തയച്ച് 21 മുന്‍ ജഡ്ജിമാര്‍. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിരമിച്ച 21 ജഡ്ജിമാരുടെ സംഘമാണ് കത്തയച്ചു.
ഈ വിമർശകർ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്കും വേണ്ടി നീതിന്യായ വ്യവസ്ഥയിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നു കത്തിൽ പറഞ്ഞു.
സുപ്രീം കോടതിയിലെ നാല് പേർ ഉൾപ്പെടെ വിരമിച്ച ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കത്തെഴുതാൻ പ്രേരിപ്പിച്ച സംഭവങ്ങൾ വ്യക്തമാക്കിയില്ലെങ്കിലും, അഴിമതി കേസുകളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ നടപടികളെച്ചൊല്ലി ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വാക്പോരിനിടെയാണ് കത്ത്.
ജനാധിപത്യത്തിന്റെ നെടുംതൂണായി ജുഡീഷ്യറി നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അന്തസും സമഗ്രതയും നിഷ്പക്ഷതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഏത് വിധത്തിലും പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിന് അയച്ച കത്തില്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.
തത്പരകക്ഷികളുടെ ഇത്തരം നടപടികള്‍ ജുഡീഷ്യറിയുടെ പവിത്രത തകര്‍ക്കുക മാത്രമല്ല, നിയമത്തിന്റെ സംരക്ഷകരെന്ന നിലയില്‍ ന്യായാധിപന്മാര്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യം ചെയ്ത മൂല്യങ്ങള്‍ക്ക് വെല്ലുവിളി കൂടിയാണ്. ഇതില്‍ ഉത്കണ്ഠയുണ്ട്. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ദോഷകരമാണ്. ജുഡീഷ്യറിയുടെ സത്തയെയും നിയമവാഴ്ചയെയും തുരങ്കം വയ്ക്കുന്ന നീക്കങ്ങളാണ് ചില വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം സമ്മര്‍ദങ്ങളെ ചെറുക്കുകയും നിയമവ്യവസ്ഥയുടെ പവിത്രതയും സ്വയംഭരണവും സംരക്ഷിക്കപ്പെടുമെന്ന് ന്യായാധിപന്മാര്‍ ഉറപ്പുവരുത്തണമെന്ന് ജഡ്ജിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു.