പേപ്പർ ചോർച്ച: ഇന്ന് തുടങ്ങേണ്ടിയിരുന്ന നീറ്റ് യുജി കൗൺസലിങ് അനിശ്ചിത കാലത്തേക്ക് നീട്ടി

എംബിബിഎസ് , ബിഡിഎസ് കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് യുജി) കൗൺസലിങ് 2024- അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. ഇന്ന് ആരംഭിക്കാനിരുന്ന കൗൺസലിങ് ആണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചത്. കൗൺസിലിങ്ങിൻ്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. നീറ്റ് പരീക്ഷയിൽ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നതായി ആരോപണമുയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഇതോടെ റാങ്ക് പട്ടികയിൽ വന്ന കുട്ടികൾ ആശങ്കയിലാണ്.

ഇന്നു ആരംഭിക്കേണ്ട നീറ്റ് യുജി കൗൺസലിങ് മാറ്റിവെയ്ക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരീക്ഷ വീണ്ടും നടത്തുന്നത് സത്യസന്ധമായി പരീക്ഷയെ സമീപിച്ച വിദ്യാര്‍ഥികളെ ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ മുഴുവന്‍ നടത്തിയ പരീക്ഷയില്‍ വലിയ രീതിയിലുള്ള ക്രമക്കേട് തെളിയിക്കാത്തതിനാല്‍ മുഴുവന്‍ പരീക്ഷയും റദ്ദാക്കുന്നത് യുക്തിസഹമല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ലെന്നും സിബിഐ അന്വേഷണം പുരോഗമിക്കുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരീക്ഷാര്‍ഥികള്‍ക്കുണ്ടായ അസൗകര്യത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഏറ്റെടുത്തെങ്കിലും പരീക്ഷ റദ്ദാക്കുന്ന കാര്യം സർക്കാർ അഡൻജയിൽ ഇല്ല. പ്രതിപക്ഷം നീറ്റ് വലിയ പ്രശ്നമായി ഉയർത്തുകയും പരീക്ഷ വീണ്ടും നടത്താൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

NEET Counselling postponed