ന്യൂഡൽഹി: നീറ്റ്-നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർച്ച വിവാദം പാർലമെൻ്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്ന് ഇന്ത്യ ബ്ലോക്കിലെ നേതാക്കൾ പറഞ്ഞു.
പാർലമെൻ്റിൽ ഉന്നയിക്കുന്ന വിഷയങ്ങളും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ചർച്ച ചെയ്യുന്നതിനായി ഇന്ത്യാ ബ്ലോക്ക് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് അംഗങ്ങളുടെ യോഗം ചേർന്നിരുന്നു.
യോഗത്തിന് ശേഷം ഡിഎംകെ എംപി ടി ശിവ മാധ്യമങ്ങളോട് പ്രതികരിച്ചു “ജൂൺ 28 ന് നീറ്റ് വിഷയത്തിൽ ഞങ്ങൾ (പാർലമെൻ്റിൽ) നോട്ടീസ് നൽകും.” കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന ഇൻഡ്യാ മുന്നണി യോഗത്തിലാണ് ഇതുമായി തീരുമാനമായത്. പാർലമെന്റിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗത്തിൽ ചർച്ചയായി.
കെ.സി വേണുഗോപാൽ, ജയ് റാം രമേശ്, രാഹുൽ ഗാന്ധി, സന്ദീപ് പഠക്, അഭയ് കുശ്വാഹ, ശരത് പവാർ, സുപ്രിയ സുലെ, എൻ.കെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, കെ രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.