ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരന്‍ പിടിയില്‍. ഗ്രേറ്റര്‍ നോയിഡയിലെ നീംക ഗ്രാമത്തില്‍ നിന്നുള്ള രവി അത്രിയെയാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തത്.
‘സോള്‍വര്‍ ഗ്യാങ്’ എന്നറിയപ്പെടുന്ന ഒരു നെറ്റ്വര്‍ക്ക് വഴി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചോദ്യപേപ്പറുകള്‍ അപ്ലോഡ് ചെയ്യുന്നതാണ് ഇയാളുടെ പ്രവര്‍ത്തന രീതി. വിവിധ സംസ്ഥാനങ്ങളിലുടനീളം പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രവി അത്രിയാണ് അഴിമതിയുടെ കേന്ദ്രമെന്നും റിപ്പോര്‍ട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയും കൂട്ടാളികളും ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അത്രിയിലേക്ക് പൊലീസ് എത്തിയത്. 2012ല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ പരീക്ഷ പാസായ അത്രി പിജിഐ റോഹ്തക്കില്‍ പ്രവേശനം നേടിയെങ്കിലും നാലാം വര്‍ഷം പരീക്ഷയെഴുതിയില്ല. അപ്പോഴേക്കും പരീക്ഷാ മാഫിയയുമായി ബന്ധമുണ്ടാക്കുകയും അത് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് അത്രിയെ നയിക്കുകയുമായിരുന്നു.