ഡൽഹി: നീറ്റ് യു ജി ക്രമക്കേസ് സംബന്ധിച്ചുള്ള ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി. പുനഃപരീക്ഷയുണ്ടാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. പരീക്ഷ റദ്ദാക്കിയാൽ 24 ലക്ഷം കുട്ടികളെ അത് ബാധിക്കും. അതുകൊണ്ടുതന്നെ പരീക്ഷ ഇനി റദ്ദാക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്.