ഗോധ്ര: നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്കൂൾ ഉടമ ദീക്ഷിത് പട്ടേലിനെ ജൂൺ 30ന് സിബിഐ അറസ്റ്റ് ചെയ്തു. ഇയാളുടെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ രാകേഷ് താക്കൂർ പറഞ്ഞു, റിമാൻഡ് ചെയ്യുന്നതിനായി സിബിഐ ദീക്ഷിത് പട്ടേലിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
പരീക്ഷ എഴുതാൻ സഹായിക്കുന്നതിന് ദീക്ഷിത് പട്ടേൽ വിദ്യാർഥികളിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. ഈ കേസിൽ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇത് ആറാമത്തെ അറസ്റ്റ് ആണ്. ജയ് ജലറാം സ്‌കൂൾ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. പട്ടേലിന്റെ റിമാൻഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചതായി പബ്ലിക്ക് പ്രോസിക്യൂട്ടർ രാകേഷ് താക്കൂർ വ്യക്തമാക്കി.
കേസിൽ 13 പേരെ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. ഇവരിൽ 4 പേർ വിദ്യാർഥികളും മൂന്നു പേർ രക്ഷിതാക്കളുമാണ്. 6 പേർ പരീക്ഷ മാഫിയയിൽ ഉൾപ്പെട്ടവരാണ്. പ്രതികളുടെ മൊഴിയിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന രണ്ടുപേരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റുചെയ്തിരുന്നു. ഹസാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് ചോദ്യം ചെയ്യലിനൊടുവിൽ സി.ബി.ഐ. വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. ഇവരെ സഹായിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാധ്യമപ്രവർത്തകനെയും സിബിഐ അറസ്റ്റുചെയ്തിരുന്നു. ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് അറസ്റ്റിലായത്.