അമേരിക്കയ്ക്കോ, ചൈനയ്ക്കോ, ഒരു രാജ്യത്തിനും ഇന്ത്യയെ അവഗണിക്കാനാവില്ല : വാഷിംഗ്ടണ്‍ ഡിസിയില്‍ നിര്‍മ്മല സീതാരാമന്‍

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ലോകത്തിന് അവഗണിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോകജനസംഖ്യയില്‍ ആറിലൊരാള്‍ ഇന്ത്യക്കാരനായതിനാല്‍ ലോകത്ത് സ്വാധീനം വര്‍ധിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ധനമന്ത്രി. ഇന്ന് ലോകത്തിലെ ഓരോ ആറിലൊരാള്‍ ഇന്ത്യക്കാരനാണ് എന്നതും, നമ്മുടെ സമ്പദ്വ്യവസ്ഥയും അത് വളരുന്ന രീതിയും നിങ്ങള്‍ക്ക് അവഗണിക്കാനാവില്ല എന്നതും വളരെ പ്രധാനമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു രാജ്യത്തിനും ഇന്ത്യയെ അവഗണിക്കാന്‍ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ കേന്ദ്ര ധനമന്ത്രി വളരുന്ന ലോകത്ത് ഇന്ത്യയുടെ പങ്കും എടുത്തുകാട്ടി. ഇന്ത്യയിലെസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഇന്ത്യയുടെ കാഴ്ചപ്പാടും അടക്കം അവര്‍ വ്യക്തമാക്കി.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ എമറിറ്റസ് പ്രസിഡന്റും ചാള്‍സ് ഡബ്ല്യു എലിയറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ലോറന്‍സ് എച്ച് സമ്മേഴ്സ്, സ്പെയിനിന്റെ സാമ്പത്തിക, വ്യാപാര, ബിസിനസ് മന്ത്രി കാര്‍ലോസ് ക്യൂര്‍പോ, ഈജിപ്തിലെ ആസൂത്രണ, സാമ്പത്തിക വികസനം, അന്താരാഷ്ട്ര സഹകരണ മന്ത്രി റാനിയ എ അല്‍ മഷാത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് പാനലിസ്റ്റുകളില്‍ ഉള്‍പ്പെടുന്നു.

ആഗോള നന്മയ്ക്കായി ബഹുമുഖ സ്ഥാപനങ്ങള്‍ സ്വയം ശക്തിപ്പെടുത്തണമെന്ന് സീതാരാമന്‍ ഊന്നിപ്പറഞ്ഞു. ഭാവി രൂപപ്പെടുത്തുക എന്നത് അതിമോഹമായ ലക്ഷ്യമാണെന്നും ബ്രെട്ടന്‍ വുഡ്സ് സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇതില്‍ ആവശ്യമാണെന്നും അവര്‍ എടുത്തുകാട്ടി.